കബാലി ഡാ

========================
ബാംഗ്ലൂരില്‍ 1950 ഡിസംബര്‍ 12ന് റാമോജി റാവു ഗേയ്ക്ക്വാദിന്‍റെയും രമാഭായിയുടെയും മകനായി ഒരു മറാത്തി കുടുംബത്തില്‍ ആയിരുന്നു ശിവാജി റാവുവിന്‍റെ ജനനം. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം.കുട്ടിക്കാലത്ത് ഒരു വികൃതി ആയിരുന്ന ശിവാജി റാവുവിന് അഭിനയത്തില്‍ താല്‍പര്യം ഉണ്ടാവുന്നത് ജേഷ്ടന്‍ അദ്ദേഹത്തെ രാമകൃഷ്ണ മഠത്തില്‍ ചേര്‍ത്തു. സിക്‌സ്ത് ഗ്രേഡിന് ശേഷം ആചാര്യ പാഠശാല പബ്ലിക് സ്‌കൂളില്‍ ചേര്‍ന്നപ്പോഴും അഭിനയം ശിവാജി റാവു കൈവിട്ടില്ല. കുരുക്ഷേത്ര എന്ന നാടകത്തില്‍ ദുര്യോധനന്‍റെ വേഷം ശിവാജി റാവു അവിസ്മരണീയം ആക്കി.. .

ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973-ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.
മദ്രാസ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലെ പഠനസമയത്താണ് തമിഴ് സിനിമ സംവിധായകന്‍ ആയ കെ. ബാലചന്ദര്‍ ശിവാജി റാവു അഭിനയിച്ച ഒരു ചെറിയ നാടകം കാണുന്നത്. ശിവാജി റാവുവിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ബാലചന്ദര്‍ തന്‍റെ അടുത്ത ചിത്രത്തിലെ ഒരു വേഷത്തിനുള്ള ഓഡീഷന് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആദ്യ ദിനം ശിവാജി ഗണേശനെ അനുകരിച്ചാണ് ശിവാജി റാവു തുടങ്ങിയത്. എന്നാല്‍, തനിക്ക് വേണ്ടത് അനുകരണങ്ങള്‍ അല്ല, വ്യത്യസ്തമായ ഒരു ശൈലി ആണെന്ന് ബാലചന്ദര്‍ പറഞ്ഞു.

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ശിവാജി റാവു ഒരു സിഗരറ്റ് കൈയ്യില്‍ എടുത്ത് തന്റേതായ സ്‌റ്റൈല്‍ ചേര്‍ത്ത് അത് വായിലേയ്ക്ക് എറിഞ്ഞു പിടിച്ചു. അങ്ങനെ ഒരു കാര്യം അത് വരെ ആരും ചെയ്തതായി ബാലചന്ദറിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഈ സ്‌റ്റൈല്‍ ഇഷ്ടപ്പെട്ടിട്ടാണ് ബാലചന്ദര്‍ ശിവാജി റാവുവിനെ സിനിമയില്‍ എടുത്തത്. ശിവാജി റാവു എന്ന പേര് മാറ്റി താരത്തെ രജനീകാന്ത് ആക്കിയത് ബാലചന്ദറായിരുന്നു. പിന്നീട് അനേകം ചിത്രങ്ങളില്‍ ഇതേ സ്‌റ്റൈല്‍ തന്നെയാണ് തിയേറ്ററുകള്‍ ഇളക്കി മറിച്ചതും.

പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. 1977 ൽ എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. 1978-ല്‍ ജെ.മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും തമിഴ് സിനിമയില്‍ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തില്‍ കമലഹാസന്‍ നായകനായ ചിത്രങ്ങളില്‍ വില്ലന്‍ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവര്‍ഗള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

1980-കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന്‍ നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. നായകന്‍ എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂണ്ട്രു മുഖം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ പുതിയ ചരിത്രം കുറിച്ചു. കെ.ബാലചന്ദര്‍ സ്വയം നിര്‍മിച്ച നെട്രികന്‍ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചന്‍ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തില്‍ രജനിയുടെ വളര്‍ച്ചക്ക് കരുത്തായത്.

ആധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ രജനി  അരങ്ങേറ്റം കുറിച്ചു. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്‌റ്റോണിലും വേഷമിട്ടു. യഥാര്‍ത്ഥ മനുഷ്യരെയും ആനിമേഷനും സംയോജിപ്പിച്ചെടുത്ത ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി രജനികാന്തിന്‍റെ രാജ ചിന്ന റോജ എന്ന ചിത്രത്തിനുള്ളതാണ്.

രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളില്‍ മന്നന്‍, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി.

ജപ്പാനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ആദ്യ തമിഴ് സിനിമ രജനി–കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുത്തുവാണ്. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. ഇന്നും അവിടെ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്ള ഏക ഇന്ത്യന്‍ നടന്‍ രജനിയാണ്.

 ഏറെ വിദേശ ആരാധകരുള്ള ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളില്‍ മുന്‍നിരയിലാണ് രജനി. 2007-ല്‍ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

എങ്കിലും രജനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീണപ്പോള്‍ വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയായി.

1984-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, 1989-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ എം.ജി.ആര്‍ അവാര്‍ഡ്, 1995-ല്‍ നടിഗര്‍ സംഘത്തിന്റെ കലൈചെല്‍വം അവാര്‍ഡ്, 2007-ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്കപൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2000-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

2013ല്‍ എന്‍ഡിടിവി രജനിയെ ജീവിച്ചിരിക്കുന്ന 25 ആഗോള ഇതിഹാസങ്ങളില്‍ ഒരാളായി പ്രഖ്യാപിച്ചു.ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

അവിടുന്ന് നാലു ദശാബ്ദം പിന്നിടുമ്പോഴേക്കും പലഭാഷകളിലായി അഭിനയിച്ച 159 ചിത്രങ്ങള്‍ രജനിയെ സ്റ്റൈല്‍ മന്നനാക്കി. രജനിയുടെ സ്റ്റൈലുകള്‍ തന്നെയായിരുന്നു താരത്തിന് സ്റ്റൈല്‍മന്നന്‍ എന്ന പേര് നേടിക്കൊടുത്തത്. സിഗരറ്റ് വായുവിലെറിഞ്ഞ് ചുണ്ടുകള്‍ക്കിടയില്‍ ഉറപ്പിക്കുകയും, കൂളിംഗ് ഗ്ലാസ് ഒരു പ്രത്യേക നീക്കത്തോടെ മുഖത്തുറപ്പിക്കുകയും, ചടുലമായ രസകരമായ ഒരു ശൈലിയില്‍ കാലിന്‍മേല്‍ കാല്‍കയറ്റി വയ്ക്കുകയും ഒക്കെച്ചെയ്യുന്ന രജനിയുടെ സ്‌റ്റൈലുകള്‍ തലമുറകള്‍ പിന്നിടുന്ന വിസ്മയങ്ങളാണ്. ഇതെല്ലാം കണ്ട് കാണികള്‍ കയ്യടിച്ച് ആര്‍ത്തു വിളിച്ചു. അത് ഓരോ സിനമികളില്‍ ആവര്‍ത്തിക്കുമ്പോള്‍ പോലും മടുപ്പുളവാക്കിയില്ല. അതുപോലെ തന്നെയായിരുന്നു രജനിയുടെ ഡയലോഗുകളും. നാന്‍ ഒരു തടവേ സൊന്നാ നൂറു തടവേ സൊന്നമാതിരി, ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍, ആണ്ടവന്‍ സൊല്‍റാ അരുണാചലം സെയ്‌വാ, എന്‍ വഴി തനി വഴി, പന്നീങ്കളാ കൂട്ടമാ വരുവേ ആനാ സിങ്കം സിങ്കിളാ താ വരുവേന്‍, ഇനിയെന്‍ പാതൈ സിങ്കപ്പാതൈ, കബാലി ഡായുംതുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ ആരാധകരെ എഴുന്നേറ്റ് നിന്നും കയ്യടിപ്പിച്ചു.

vinjanalokam






Continue reading »